മുംബൈ: റിലയന്‍സ് ജിയോ സൗജന്യ ജി ഓഫര്‍ കാലാവധി നീട്ടാന്‍ സാധ്യത. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം.
വിപണി പിടിക്കുക എന്ന തന്ത്രവുമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വെല്‍ക്കം ഓഫറില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ റിലയന്‍സ് ജിയോ തങ്ങളുടെ ഓഫര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ തുടങ്ങിയ ഓഫറിന്റെ കാലാവധി ഡിസംബര്‍ മൂന്നിന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓഫര്‍ തുടരാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവന ദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനവും നല്‍കാനാവില്ല.
അതേസമയം, കമ്പനിക്ക് പ്രഖ്യാപിക്കുന്ന പ്രമോഷണല്‍ ഓഫറുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് റിലയന്‍സിന് നിയമവിദഗ്ധരുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നിലവിലെ ഓഫര്‍ അതേ പേരില്‍ തുടരാതെ മറ്റൊരു പേരിലും രീതിയിലും പുനവതരിപ്പിക്കാനാകും. അങ്ങനെയങ്കില്‍ വെല്‍ക്കം ഓഫര്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെല്ലാം 2017 മാര്‍ച്ച് വരെ റിലയന്‍സ് ജിയോയുടെ ഫ്രീ ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റ് ഓഫറുകള്‍ ലഭ്യമാകും.