കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ബി എസ് 3 & ബി എസ് 4 എന്നാല്‍ എന്ത് ?
ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 3 (ഭാരത് സ്റ്റേജ് 3) വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി കൈകൊണ്ടത്. ഇതോടെ ഇനി പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളെല്ലാം ബിഎസ് 4 നിലവാരം കൈവരിച്ചവയാകും.ഇന്ത്യയില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ് ബിഎസ് അഥവ ഭാരത് സ്റ്റേജ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്ക്കുന്നു.
അനുദിനം കുത്തനെ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ 2000 തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ 1991-ല്‍ തന്നെ മലിനീകരണം കുറയ്ക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമായിരുന്ന ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെട്ടത്, പിന്നീട് പെട്രോള്‍ വാഹനങ്ങള്‍ക്കും നിലവാര പരിധി ബാധകമായി. അതിനു ശേഷമാണ് കൂടുതല്‍ ഫലപ്രദമായി 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ ‘യൂറോ നിലവാരം’ അടിസ്ഥാനമാക്കി ഭാരത് സ്റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെത്തുന്നത്.
ബിഎസ് 3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ നിന്നുണ്ടാകു. ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന് നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമായതിനാല്‍ 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമാണ്.