ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരിൽനിന്ന് പാസ്പാർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകും. പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവർക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഇന്റലിജന്റ്സ് ഏജൻസികൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാൽ ബാങ്കുകൾക്ക് എളുപ്പത്തിൽ വിവരം കൈമാറാൻ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ ബാങ്കുകൾക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുക. വൻതോതിലുള്ള ബാധ്യതയ്ക്കെതിരെ നടപടിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാർ രാജ്യംവിടുന്നത് തടയുന്നതിനുവേണ്ടി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുന്നതിനും പുതിയ തീരുമാനം സഹായകരമാകും. തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ് വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും നാടുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.