ഇപിഎഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: 2016-17 സാമ്പത്തിക വർഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തിൽനിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. നടപ്പ് സാമ്പത്തിക വർഷം തുടക്കത്തിൽ ഇപിഎഫ് പലിശ 8.8ശതമാനത്തിൽനിന്ന് 8.7 ശതമാനമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപിഎഫിൽ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസത്തിലൊരിക്കൽ പരിഷ്കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വർഷമാണ്. തുടർന്ന് പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കാര്യമായി കുറച്ചിരുന്നു. ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ പിപിഎഫിന് നൽകുന്ന പലിശ എട്ട് ശതമാനമാണ്. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ.

Comments (0)
Add Comment