സമ്പത്ത് സൃഷ്ടിക്കാം മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു.
” ഞാൻ കുറച്ചു വൈകിയോ?”
” സാരമില്ല മുംതാസ്…ക്ഷമിച്ചിരിക്കുന്നു..”
ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു.
”   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു..”
ഡോ: കൊച്ചുറാണി പറഞ്ഞു.

നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.
പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു.
പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് :
” നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?”
പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്.

” ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോൾ അടയ്ക്കുന്നുണ്ട്.പിന്നെ,ബാങ്കിൽ  കുറച്ചു  ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്.”
ഡോ: കൊച്ചുറാണി അഭിമാനത്തോടെ പറഞ്ഞു.

” സത്താറിക്കയ്ക്ക് പ്രൊപ്പെർട്ടിയിൽ നിക്ഷേപിക്കുന്നതാണ് താല്പര്യം.വിശ്രമ ജീവിതം തുടങ്ങുമ്പോഴേക്കും,അതൊക്കെ വിറ്റു  മാറാമെന്നാണ് ഇക്ക പറയുന്നത്..”
മുംതാസ്‌ പറഞ്ഞു.അവരുടെ ഭർത്താവ് ഖത്തറിൽ  ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സീനിയർ എഞ്ചിനിയറാണ്.

“രേഖ സ്വന്തം ബിസിനസ്സിൽ തന്നെ നിക്ഷേപിക്കുകയാണോ?”
രേഖയും ഭർത്താവ് ഹരികൃഷ്ണനും  കൂടി നഗരത്തിൽ   തിരക്കുള്ള ഒരു  തുണിക്കട നടത്തുന്നതിനാലാണ് മുംതാസ് അങ്ങനെ ചോദിച്ചത്.

” ഞാൻ നിക്ഷേപിക്കുന്നത് മ്യൂച്ച്വൽ ഫണ്ടുകളിലാണ്..”
രേഖയുടെ മുഖത്ത് ഒരു പുഞ്ചിരി  തെളിഞ്ഞു.

” ഷെയർ മാർക്കെറ്റിലോ? കിട്ടുന്ന കാശൊക്കെ അവിടെ കൊണ്ട് കളയുകയാണോ?”
ഡോ: കൊച്ചുറാണിയുടെ കണ്ണുകളിൽ ഭയത്തിന്റെ മിന്നലാട്ടം.
” റാണിയോട് ഈ നുണയൊക്കെ ആരാ പറഞ്ഞത്?”
രേഖ ചിരിച്ചു.

” നഷ്ടക്കച്ചവടം അല്ലെ അത്?കുറെ വര്ഷം മുൻപ് മൂന്നു വര്ഷം അടച്ചിട്ട് എടുക്കുന്ന ഒരു യൂനിറ്റ് ലിങ്കിഡ് ഇൻഷുറൻസ് വാങ്ങി ഇക്കയ്ക്ക് നഷ്ടം വന്നിരുന്നു..”
മുംതാസ് പരാതിപ്പെട്ടു.

” അവ മ്യൂച്ച്വൽ ഫണ്ടല്ല എന്റെ മുംതാസേ..പല യൂലിപ്പിലും അലോകേഷൻ ചാർജും  ഇൻഷുറൻസ് കവറേജിനുള്ള  ചാർജുകളും ഉണ്ട്.അത് കിഴിച്ചിട്ടുള്ള തുക മാത്രം നിക്ഷേപിക്കുന്നത് കൊണ്ടാകാം കുറഞ്ഞ കാലയളവിൽ അങ്ങനെ സംഭവിച്ചത്..ഗവന്മെന്റ് ബോഡിയായ സെബിയുടെ കീഴിൽ പ്രവര്ത്തിക്കുന്ന മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന  മുഴുവൻ തുകയ്ക്കുമുള്ള യൂണിറ്റുകൾ ലഭിക്കും.
മാത്രമല്ല,ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളെ പോലെ തന്നെ, സ്വർണത്തിൽ നിക്ഷേപിക്കുന്ന ഗോൾഡ്‌ ഫണ്ടുകളും ,ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകളുമുണ്ട്.
ഓഹരിയും ബോണ്ടും കൂടി സമന്വയിപ്പിച്ച ഹൈബ്രിഡ് ഫണ്ടുകളാണ് മറ്റൊന്ന് ..”

” ഇതൊക്കെ ഭയങ്കര  റിസ്കല്ലേ ? ” ഡോ: കൊച്ചു റാണിയുടെ പുരികം വളഞ്ഞു.

”  സത്യത്തിൽ,കുറച്ചൊക്കെ റിസ്ക്ക് എടുത്താൽ മാത്രമേ,മികച്ച ആദായം കിട്ടുകയുള്ളൂ. ഞങ്ങളുടെ അനുഭവം പറയാം.കല്യാണം കഴിഞ്ഞയുടൻ 1995- ൽ ഹരിയേട്ടൻ ബിർള 95 എന്ന ബാലൻസ് സ്കീമിൽ നിക്ഷേപിച്ച ഇരുപതിനായിരം രൂപ ഇപ്പോൾ പത്തുലക്ഷത്തി എഴുപതിനായിരം രൂപയിൽ കൂടുതലുണ്ട്. 1998 -ൽ യു.റ്റി.ഐ.യുടെ  എം.എൻ .സി.ഫണ്ടിൽ നിക്ഷേപിച്ച അൻപതിനായിരം രൂപ ഇപ്പോൾ ഏഴു ലക്ഷം രൂപയോളമായി.
രണ്ടായിരത്തി നാലിൽ ,ഐ.സി.ഐ.സി.ഐ.യുടെ വാല്യൂ ഡിസ്കവറി ഫണ്ടിലിട്ട  ഒരു ലക്ഷം രൂപ ഇപ്പോൾ പത്തുലക്ഷം രൂപയിൽ കൂടുതലായിട്ടുണ്ട്.
2004-ൽ എൽ .ആൻഡ്‌. ടിയുടെ മിട്കാപ് ഫണ്ടിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇപ്പോൾ എട്ടു ലക്ഷം രൂപയാണ് മൂല്യം.നിക്ഷേപിച്ചിട്ടുള്ള മറ്റു ഇക്വിടി ഫണ്ടുകൾക്കും പതിനാറു ശതമാനത്തിലേറെ ശരാശരി വാര്ഷിക ലാഭം കിട്ടിയിട്ടുണ്ട്..   .”
രേഖ പറഞ്ഞു.
മുംതാസും ഡോ: കൊച്ചു റാണിയും കുറെ നേരം നിശ്ചലരായി ഇരുന്നു.

” നിന്റെ ഹരിയേട്ടൻ ഒരു മഹാസംഭവം തന്നെ.എന്റെ ഭർത്താവ്‌ ഡോ: മാത്യൂസ്‌ ഇപ്പോഴും ബാങ്കിൽ മാത്രമെ നിക്ഷേപിക്കാറുള്ളൂ.പക്ഷെ,പലിശനിരക്ക് കുറയുന്നത്  കാരണം കാര്യമായ നേട്ടമൊന്നും കിട്ടിയില്ല..”
ഡോ :കൊച്ചുറാണിയുടെ സ്വരത്തിൽ നിരാശ ഉണ്ടായിരുന്നു.

” അതിരിക്കട്ടെ, ബോണ്ട് ഫണ്ടുകൾ എങ്ങനെയുണ്ട്?”
മുംതാസ് ചോദിച്ചു.

” ഞങ്ങൾ പോർട്ഫോളിയോ  ഉണ്ടാക്കിയാണ് നിക്ഷേപിക്കുന്നത്.പകുതി നിക്ഷേപം ഇക്വിടി ,ബാലന്സ്ഡു സ്കീമുകളിലും ബാക്കിയുള്ളത് ബോണ്ട് ഫണ്ടുകളിലുമാണ് ഇട്ടിരിക്കുന്നത്.മൂന്നോ നാലോ  വര്ഷത്തിനകം ആവശ്യം വരാനിടയുള്ള തുകയാണ് പ്രധാനമായും ബോണ്ടുഫണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്.
ബിർളയുടെ മീഡിയം ടേം പ്ലാൻ എന്ന ഇത്തരം ഫണ്ടിൽ കഴിഞ്ഞ മൂന്നു വര്ഷമായി 10.4 % വാര്ഷിക ലാഭം കിട്ടിയിട്ടുണ്ട്.രണ്ടര വര്ഷം മുൻപ്  ഐ.സി.ഐ.സി.ഐ.യുടെ ഡൈനാമിക് ബോണ്ട്‌ ഫണ്ടിലിട്ട പത്തു  ലക്ഷം രൂപ  ഇപ്പോൾ പതിമൂന്നു ലക്ഷത്തിനു മുകളിലുണ്ട് .ബാങ്ക് പലിശനിരക്കുകൾ കുറയുമ്പോൾ ബോണ്ടുകളുടെ നേട്ടം വര്ധിക്കുന്നതാണ് ഇതിനു കാരണം. മികച്ച റേറ്റിംഗ് ഉള്ള വേറെയും ബോണ്ട് ഫണ്ടുകളിൽ ഞങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്.അവയിലൊക്കെ ബാങ്ക്  നിക്ഷേപങ്ങളെക്കാൾ മികച്ച  നേട്ടം കിട്ടിയിട്ടുണ്ട്.
ടാക്സ്  നിരക്കുകളും കുറവാണ്.മൂന്നു വര്ഷത്തോളം നിലനിറുത്തിയാൽ, പണപ്പെരുപ്പത്തിനു ശേഷമുള്ള തുകയ്ക്ക് മാത്രം ടാക്സ് കൊടുത്താൽ മതി.ഞങ്ങൾക്ക് ബാങ്ക് നിക്ഷേപങ്ങളുടെ പലിശവരുമാനത്തിൽ  മുപ്പതു ശതമാനം ടാക്സ്  ഉള്ളതിനാൽ ,ഞങ്ങൾക്ക് ആ രീതിയിൽ തന്നെ മൂന്നു മൂന്നര ശതമാനത്തിന്റെ അധിക നേട്ടം കിട്ടിയിട്ടുണ്ട്.”

” ലോകം മുഴുവൻ പലിശ വളരെ കുറവായതിനാൽ ഇവിടെയും കുറയുമെന്ന് സത്താറിക്ക ഈയിടെ പറയുന്നത്‌ കേട്ടു ..”
മുംതാസ് പറഞ്ഞു.
” അതായത് ,പലിശ നിരക്കുകളിൽ വീണ്ടും കുറവ് വരുന്നത് ബോണ്ടുകളിൽ വരുമാനം വർധിപ്പിക്കും,അല്ലെ?”
ഡോ: കൊച്ചുറാണി ചോദിച്ചു.

” തീര്ച്ചയായും.സാമ്പത്തിക സാക്ഷരത നേടിയാൽ മാത്രമെ ഇങ്ങനെയുള്ള അവസരങ്ങൾ കണ്ടെത്താനും കൂടുതൽ പ്രയോജനപ്പെടുത്താനും കഴിയൂ.മികച്ച ഒരു സാമ്പത്തിക ഉപദേശകനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിതരാം  .. .”
രേഖ കാറ്റിൽ പറന്ന മുടി മാടിയൊതുക്കി.

“നിന്നെ   സമ്മതിച്ചിരിക്കുന്നു രേഖേ..ഞങ്ങളും നിന്നെപ്പോലെ പോർട്ട്‌ഫോളിയോ ഉണ്ടാക്കാൻ പോകുകയാണ്..”
മുംതാസ് ചിരിയോടെ പറഞ്ഞപ്പോൾ,ഡോ:കൊച്ചുറാണിയും അനുകൂലഭാവത്തിൽ ശിരസ്സനക്കി.

Disclaimer: Investments are subject to market risk.Consult your financial advisor before investing.

article by  Sony Josesph AFP
Fb.com/SonyJosephAFP

Related posts

Leave a Comment