സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ് തിരിച്ചെടുത്താൽ പിഴപ്പലിശ നൽകേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേയ്ക്ക് എഫ്ഡിയിട്ടിട്ടും ഗുണമുണ്ടാകില്ലെന്ന് മനസിലായതോടെ ആ ഉദ്യമവുംവേണ്ടെന്നുവെച്ചു. എളുപ്പത്തിൽ നിക്ഷേപിക്കാനും എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാനുംകഴിയുന്ന ല്വിക്വിഡ് ഫണ്ടുകളെക്കുറിച്ച് കേട്ടത് അപ്പോഴാണ്. പരിഹാരം ലിക്വിഡ് ഫണ്ടുകൾ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലെ പലിശയേക്കാൾ ആദായം പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകൾ. ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാൾ കൂടുതൽ ആദായവും ഈവിഭാഗം ഫണ്ടുകളിൽനിന്ന് ലഭിക്കും. സേവിങ്സ് അക്കൗണ്ടിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വാർഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളിൽനിന്ന് അഞ്ചുശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. സേവിങ്സ് അക്കൗണ്ടിൽനിന്നെന്നപോലെ പണംതിരിച്ചെടുക്കാനും കഴിയും. ലിക്വിഡ് ഫണ്ടുകളെക്കുറിച്ചറിയാം 91 ദിവസത്തിൽക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളിൽമാത്രം നിക്ഷേപിക്കുന്നവയാണ് ലിക്വിഡ് ഫണ്ടുകൾ. നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോർട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നുമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപങ്ങൾ, ട്രഷറി ബില്ലുകൾ എന്നിവയിലാണ് ഈ ഫണ്ടുകൾ കൂടുതലായി നിക്ഷേപംനടത്തുന്നത്. എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകൾ? സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപത്തെക്കാളും കൂടുതൽ ആദായംനേടാൻ ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. നിലവിൽ ഏറ്റവുംകുറഞ്ഞ റിസ്ക് ഉള്ള ഡെറ്റ് ഫണ്ടുകളാണിവ. പണംതിരിച്ചെടുക്കാനും എളുപ്പമാണ്. ഓൺലൈനായോ ഓഫ്ലൈനായോ പണംതിരിച്ചെടുക്കാൻ അവസരമുണ്ട്. രണ്ടോമൂന്നോ ക്ലിക്കുകൾക്കൊണ്ട് ഓൺലൈനായി നിക്ഷേപിക്കാനും ഒറ്റക്ലിക്കുകൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂർണമായോ ഭാഗികമായോ തിരിച്ചെടുക്കുകയുംചെയ്യാം. നിക്ഷേപം പിൻവലിച്ചാൽ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും. പരമാവധിയെടുക്കുന്ന സമയം ഒരുദിവസംമാത്രമാണ്. അതുകൊണ്ടുതന്നെ അതിസമ്പന്നരും കോർപ്പറേറ്റുകളും ചെറുകിടനിക്ഷേപകരും എസ്.ബി അക്കൗണ്ടുകളേക്കാൾ ആശ്രയിക്കുന്നത് ലിക്വിഡ് ഫണ്ടുകളെയാണ്. ഹ്രസ്വകാലത്തേയ്ക്ക് വലിയൊരുതുക സൂക്ഷിക്കാൻ സേവിങ്സ് അക്കൗണ്ടിനേക്കാളും എന്തുകൊണ്ടും മികച്ചത് ലിക്വിഡ് ഫണ്ടുകളാണ്. പരമാവധി 91 ദിവസംവരെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് വിഭാഗത്തിലെ മറ്റുഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ലിക്വിഡ് ഫണ്ടുകളിലെ ആദായത്തിൽ ഏറ്റക്കുറച്ചിൽ താരതമ്യേനകുറവാണ്.

ചുരുക്കത്തിൽ: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇടുന്നതിലുംനല്ലത് ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. പരമാവധി 91 ദിവസം മെച്ചൂരിറ്റിയുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിനാൽ ലിക്വിഡ് ഫണ്ടുകളിലെ നഷ്ടസാധ്യത വളരെകുറവാണ്. മറ്റ് മ്യൂച്വൽ ഫണ്ടുകളിലേതുപോലയല്ല, അതിവേഗത്തിൽ ലിക്വിഡ് ഫ്ണ്ടുകളിൽനിന്ന് പണംതിരിച്ചെടുക്കാൻ കഴിയും. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് യോജിച്ചതാണ് ഈ വിഭാഗം ഫണ്ടുകൾ. ഒരുവർഷമെങ്കിലും നിക്ഷേപകാലാവധിയുണ്ടെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ഏഴുമുതൽ 11വരെശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. ഇക്കാരണങ്ങൾക്കൊണ്ട് നിക്ഷേപ കാലാവധിക്കനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. നികുതി ബാധ്യത ലിക്വിഡ് ഫണ്ടുകളിൽനിന്നുള്ള ആദായം മൂലധനനേട്ടമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ പണംപിൻവലിക്കുമ്പോൾമാത്രമെ ആദായനികുതി നൽകേണ്ടതുള്ളൂ. ബാങ്കിലേതുപോലെ വാർഷിക അടിസ്ഥാനത്തിൽ ടിഡിഎസ് കിഴിവുചെയ്യില്ലന്ന് ചുരുക്കം. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്നനേട്ടം മൊത്തംവരുമാനത്തോടുചേർത്ത് അപ്പോൾവരുന്ന സ്ലാബ് അനുസിരിച്ചാണ് നികുതി നൽകേണ്ടത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കും. അതായത് പണപ്പെരുപ്പം കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽമതി. ല്വിക്വിഡ് ഫണ്ടിനേക്കാൾ കൂടുതൽ ആദായം ലഭിക്കുന്നവയാണ് അൾട്ര ഷോർട്ട് ടേം ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും. ഏഴുമുതൽ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും ചുരുങ്ങിയത് ഒരുവർഷമെങ്കിലും നിക്ഷേപിക്കാൻ തയ്യാറുള്ളവർമാത്രം ഈ ഫണ്ടുകൾ പരിഗണിച്ചാൽമതി.

  കുറിപ്പ്: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കൂടുതൽതുക നിക്ഷേപിച്ചിട്ടുള്ളവർക്ക് അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകൾ. അടിയന്തിരാവശ്യങ്ങൾക്കുള്ള പണവും ല്വിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഓഹരി നിക്ഷേപത്തിൽനിന്ന് ലാഭമെടുക്കുമ്പോൾ ലഭിക്കുന്നതുകയും ഈ വിഭാഗം ഫണ്ടിലേയ്ക്കുമാറ്റാം. വിപണി താഴേപ്പോകുമ്പോൾ വീണ്ടും നിക്ഷേപിക്കുകയുമാകാം.

article credit : antonycdavis

Leave a Comment