വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഇപിഎഫ് ആനുകൂല്യങ്ങള്‍ ലഭിയ്ക്കും

ന്യൂഡൽഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിൽ ഇപിഎഫ്ഒയിൽ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയിൽ ചേർക്കുക. ഡൽഹിയിൽ ദേശീയ സെമിനാറിൽ പ്രസംഗിക്കവെയാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സ്കീമിൽ അംഗമാകാതിരിക്കാൻ ഇതിലൂടെ കഴിയും.
ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഡെൻമാർക്ക്, കൊറിയ, ലക്സംബെർഗ്, നെതർലാൻഡ്സ്, ഹങ്ഗറി, ഫിൻലൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക്, നോർവെ, ഓസ്ട്രിയ, ജപ്പാൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവിൽ കരാറുള്ളത്. വിദേശത്ത് ജോലിക്കായി പോകുന്നവർക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്കീമിൽനിന്ന് ഒഴിവാകാൻ ഇപിഎഫ്ഒ സർട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നൽകും. ഓൺലൈനിൽ അപേക്ഷിച്ചാലും ഈ സർട്ടിഫിക്കറ്റ് ലഭിക്കും. ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്. കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവർക്കാണ് പദ്ധതി ഏറെ ഗുണകരമാകുക. ജോലിക്കാലം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയാലും ഏറെക്കാലം അവിടത്തെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ നിക്ഷേപിച്ച തുക ലഭിക്കാതിരിക്കാനിടയുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും വലിയ സോഷ്യൽ സെക്യൂരിറ്റി സ്കീം നടത്തിപ്പുകാരാണ് ഇപിഎഫ്ഒ. 9.26 ലക്ഷം സ്ഥാപനങ്ങളിലെ 4.5 കോടിപേരാണ് ഓർഗനൈസേഷനിൽ അംഗങ്ങളായുള്ളത്. 60.32 ലക്ഷം പേർക്ക് എല്ലാമാസവും പെൻഷനും നൽകുന്നുണ്ട്.

Related posts

Leave a Comment