മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി. ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബർ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവർഷം തുടക്കത്തിലുള്ള മൂല്യത്തിൽനിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്. വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വർഷ ബോണ്ടിന്റെ ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതുമാണ് രൂപയുടെ മൂല്യത്തെ പിന്നോട്ടടിപ്പിച്ചത്.
എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 140 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈവർഷം മൊത്തം നിക്ഷേപിച്ച 102 കോടി ഡോളർ മൂല്യമുള്ള ഓഹരികളിലേറെ എട്ടുദിവസംകൊണ്ട് അവർ വിറ്റൊഴിഞ്ഞു. ബജറ്റിൽ ദീർഘകാല മൂലധന നേട്ട നികുതി കൊണ്ടുവന്നതും വ്യാപാര കമ്മി വർധിച്ചതും തിരിച്ചടിയായി. പിഎൻബിയിലെ 11,400 കോടിയുടെ തട്ടിപ്പുകൂടിയായപ്പോൾ തിരിച്ചടി കനത്തതായി. ഇവയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് അകറ്റിയത്.