സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല: മുഖ്യമന്ത്രി

kerala-chief-minister

തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും വമുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിനുശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവെക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000 ത്തിന്റെയും 1000 ത്തിന്റെയും 500 ന്റെയും കറന്‍സിതന്നെ വീണ്ടും കൊണ്ടുവരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു.

രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമെന്ന് സുപ്രീം കോടതിപോലും അഭിപ്രായപ്പെട്ടു. വന്‍കിടക്കാരുടെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. 900 കള്ളപ്പണക്കാരുടെ പട്ടിക തലയണയ്ക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

വിജയ് മല്യ അടക്കമുള്ളവരുടെ വായ്പ തിരിച്ചുപിടിക്കാന്‍ നടപടിയില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജ്യത്തെ 30 ശതമാനത്തിന് മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമെന്ന കാര്യപോലും മനസിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഏഴുപേര്‍ മരണപ്പെടാന്‍ ഇടയായ സാഹചര്യം അങ്ങേയറ്റം ദു:ഖകരമാണ്.

കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നടപടി അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നീട് സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. നോട്ട് മാറാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അരാജകത്വം സൃഷ്ടിക്കുന്ന നയങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നുമാവശ്യപ്പെടുന്നതാണ് പ്രമേയം. ബിജെപി അംഗം ഒ രാജഗോപാലിന്റെ ഭേദഗതി തള്ളിക്കൊണ്ടൈാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തിനെതിരെ ഒ രാജഗോപാല്‍ ഭേദഗതി നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ ഭേദഗതി നോട്ടീസിന് നിഷേധ വോട്ടിന്റെ സ്വഭാവമുണ്ടെന്ന് മാത്യു ടി തോമസ് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് രാജഗോപാലിന് ഭേദഗതി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. അതോടെ രാജഗോപാലിന്റെ വിയോജനക്കുറിപ്പോടെ പ്രമേയം പാസാക്കുകയായിരുന്നു.

Related posts

Leave a Comment