ന്യൂഡൽഹി: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച്സർക്കാർ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. നിലവിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് കൂടുതൽ തുകയാണ് ഈടാക്കിവരുന്നത്. സംസ്ഥാനങ്ങളിൽ വൈദ്യുതി ലഭ്യത കുറവുള്ളതിനാലായിരുന്നു ഊർജ ഉപയോഗത്തിനനുസരിച്ച് കൂടുതൽ തുക ഈടാക്കിയിരുന്നത്. എന്നാൽ വൈദ്യുതി ഉത്പാദനം വർധിച്ചതിനാൽ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയമിച്ച സമിതിയുടെ നിലാപാട്. ജനവരി അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ഊർജ മന്ത്രാലയത്തിന് സമർപ്പിക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചെയർമാൻ, സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ എനർജി വിഭാഗം സെക്രട്ടറിമാർ, മധ്യപ്രദേശ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലെ പ്രിസിപ്പൽ എനർജി സെക്രട്ടറിമാർ എന്നിവരടങ്ങിയതാണ് സമിതി.