പലിശ നിരക്ക് ഉയരുന്നു: ഭവന, വാഹന വായ്പ തിരിച്ചടവ് ഭാരമാകും

കോഴിക്കോട്: രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വർധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന.

മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവിൽവന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകൾ ഉയരുന്നത്. ഭാവിയിലും നിരക്കുകൾ വർധിക്കാൻതന്നെയാണ് സാധ്യതയെന്നാണ് ഇത് നൽകുന്ന സൂചന. പണപ്പെരുപ്പ നിരക്കുകൾ വർധിക്കുന്നതിനാൽ അടുത്തകാലത്തൊന്നും ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ.

ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. എംസിഎൽആർ പ്രകാരമുള്ള ഒരുവർഷത്തെ പലിശയിൽ എസ്ബിഐ 20 ബേസിസ് പോയന്റ് വർധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തിൽനിന്ന് 8.15ശതമാനമായി. വ്യക്തിഗത, ഭവന വായ്പകൾ, ഓട്ടോ ലോൺ തുടങ്ങിയവയ്ക്കെല്ലാം മിക്കവാറും ബാങ്കുകൾ എംസിഎൽആർ പ്രകാരമാണ് ഇപ്പോൾ പലിശ നിശ്ചയിക്കുന്നത്. പണ ലഭ്യത കുറഞ്ഞതിനാൽ നിക്ഷേപ പലിശയിലും ബാങ്കുകൾ വർധനവരുത്തിതുടങ്ങി. എസ്ബിഐയാണ് അതിന് തുടക്കമിട്ടത്. വിവിധ കാലയളവിലുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയന്റുമുതൽ 75 പോയന്റുവരെയാണ് വർധന വരുത്തിയത്. വായ്പ പലിശ നിരക്കുകൾ കുറയുന്നതിന്റെ കാലം താൽക്കാലികമായെങ്കിലും അവസാനിച്ചുവെന്നാണ് ഇതിൽനിന്നുലഭിക്കുന്ന സൂചന. ചെറിയ തോതിലാണ് ഇപ്പോൾ വർധനയെങ്കിലും സമീപഭാവിയിലും ഇത് തുടരാനാണ് സാധ്യത.

Related posts

Leave a Comment