ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിഴ ഈടാക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പില്‍വരും. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്‍സിന്‍െറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണം.
75നും 50നുമിടക്ക് ശതമാനം കുറവാണെങ്കില്‍ 75 രൂപയും 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും പിഴയടക്കണം. പിഴക്കൊപ്പം സേവനനികുതിയും ഈടാക്കും. പുതിയ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി 2012ലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്നുള്ള പിഴ ഈടാക്കല്‍ എസ്.ബി.ഐ നിര്‍ത്തിവെച്ചിരുന്നത്.
സൗജന്യ എ.ടി.എം ഇടപാടുകള്‍ക്കും എസ്.ബി.ഐ ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം എ.ടി.എമ്മുകളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍ തവണ ഇടപാട് നടത്തിയാല്‍ 10 രൂപയും മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ ഇടപാട് നടത്തിയാല്‍ 20 രൂപയുമാണ് സര്‍വിസ് ചാര്‍ജായി ഈടാക്കുക.
എന്നാല്‍, 25,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടെങ്കില്‍ എത്രതവണ വേണമെങ്കിലും ഇടപാട് നടത്താം. അതേസമയം, മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് ഇടപാട് നടത്തുമ്പോള്‍ സര്‍വിസ് ചാര്‍ജ് ഈടാക്കാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപയെങ്കിലും ബാലന്‍സ് വേണം.