നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചോ? ഭൂമിയുടെ വില കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍.
സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും സ്ഥലം വാങ്ങുന്നത്. അതും വീട് വെക്കുക എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ പരിചയ കുറവ് ഇടനിലക്കാരും വില്പനക്കാരും ചൂഷണം ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണ്. എന്തായാലും നിക്ഷേപം എന്ന നിലയ്ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
1. റിയല്‍ എസ്റ്റേറ്റ് ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന് എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന് സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.
2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള് ബ്രോക്കര്‍ കമ്മിഷന് കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന് എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന് എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.
3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന് സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.
4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്‍ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.
5. വസ്തു വാങ്ങുമ്പോള്‍ അത് വില്ക്കുന്നയാളിന് ആ ഭൂമിയില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.
6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്‍ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
9. പിന്തുടര്ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള് പിന്തുടര്ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.
10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
11. സ്ഥലം wet ലാന്‍ഡ് (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.
12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.
13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്കീമില്‍ ഉള്പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ് ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.
14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.
15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക – പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.
16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.
17. പ്ലോട്ട് തിരിച്ചു വില്പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച് വില്ക്കുമ്പോള് ടൌണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
18. സ്ഥലത്തേക്ക് സ്വകാര്യ വഴിയുണ്ടെങ്കിലത് ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക് വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ് തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 100 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.
21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ് സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള് നല്കിയ അഡ്വാന്‍സ് തിരികെതരാതെ പിന് വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്.
22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ് അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്.
23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.
24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.
25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ് നിര്ബ്ന്ധമായും ജില്ലാ കളക്റ്ററുടെ അനുമതി വാങ്ങണം.
26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ് നല്ലത്.
27. വസ്തു വാങ്ങുന്ന ആളാണ് രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച് കാണിച്ച് മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത് നല്ലതല്ല.
28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല് എഴുതും മുന്‍പ് ഡ്രാഫ്റ്റ് വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത് വാങ്ങുക.
29. ഉടമസ്ഥന് പറഞ്ഞ സമയത്ത് പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്ക്കുകയാണെങ്കില് നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.
30. രെജിസ്ട്രേഷന് സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.
31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ് ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന് തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.
32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന് ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.
രജിസ്ട്രേഷന് നിയമങ്ങളും ആധാരമെഴുത്ത് ഫീസും മറ്റും വിശദമായി അറിയാന്‍ http://keralaregistration.gov.in/index.php