മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണം; എസ്ബിഐക്ക് തൊഴിലാളിയുടെ കത്ത്

vijay-mallya
മുംബൈ: മല്ല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) തൊഴിലാളിയുടെ കത്ത്. നാസിക്കിലെ ത്രയംബകേശ്വര്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളി ഭാവ്‌റാവു സോനവാനെയാണ് ബാങ്കിന് കത്തയച്ചത്.

മല്ല്യയുടെ കോടികളുടെ വായ്പ എഴുതിത്തള്ളിയ അതേരീതിയില്‍ തന്റെ ഒന്നര ലക്ഷം രൂപയുടെ ലോണും എഴുതിത്തള്ളണമെന്നാണ് സോനവാനെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മകന്റെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു.

മല്ല്യയുടെ വായ്പ എഴുതിത്തള്ളിയ ‘നല്ല തീരുമാനത്തെ’ അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. എന്റെ കടവും അതേരീതിയില്‍ എഴുതിത്തള്ളമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട് -സോനവാനെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് മല്ല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെ 7016 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മനപൂര്‍വം കുടിശ്ശിക വരുത്തിയതില്‍ മുന്നിലുള്ള ആദ്യ 100 പേരുടെ കടമാണ് പൂര്‍ണമായും ഭാഗികമായും എഴുതിത്തള്ളിയത്. ഇതില്‍ 1201 കോടി മല്ല്യയുടേത് മാത്രമാണ്.

എന്നാല്‍ വായ്പാ കുടിശ്ശിക കിട്ടാക്കടമായി എഴുതിത്തള്ളിയത് തിരിച്ചുപിടിക്കല്‍ നടപടിയുടെ ഭാഗമായാണെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. വായ്പ ‘എഴുതിത്തള്ളിയെന്ന’ റിപ്പോര്‍ട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment