ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്.

യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ ബന്ധിപ്പിക്കാനാകും. ഇംഗ്ലീഷിനൊപ്പം മറ്റു ഏഴു ഇന്ത്യന്‍ ഭാഷകളിലും ടെസ് പ്രവര്‍ത്തിക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ആപ് ലഭ്യമാകുക.

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്. ചെറുതോ വലുതോ ആയ തുകകള്‍ അനായാസം കൈമാറാന്‍ കഴിയുമെന്നതാണ് ടെസിന്റെ പ്രത്യേകത. മൂന്നു രീതിയിലാണ് പണം കൈമാറ്റം. യുപിഐ ഐഡി, ക്യുആര്‍ കോഡ്, ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള കൈമാറ്റം. നിലവില്‍ പേടിഎം കോഡ് ഉപയോഗിച്ചുള്ള പണമിടപാട് പോലെയാണ് ടെസിലെ ക്യുആര്‍ കോഡ് സംവിധാനം. അവതരിപ്പിച്ച് ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് ടെസ് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. ആപ്പിന്റെ പ്രചരണത്തിനായി ഗൂഗിള്‍ ആവിഷ്കരിച്ചിരിക്കുന്ന തന്ത്രവും ഉപഭോക്താക്കളെ അതിവേഗം സൃഷ്ടിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് പണമായി തന്നെ പാരിതോഷികം നല്‍കുന്നതാണ് തന്ത്രം.

9000 രൂപ സമ്മാനമായി കിട്ടാന്‍

ഇതുവഴി പരമാവധി 9000 രൂപയോളം നിങ്ങളുടെ ടെസ് ആപ്പ് അക്കൌണ്ടില്‍ എത്തിക്കാനും കഴിയും. ഇതിന് ചെയ്യേണ്ടത്, ആദ്യം നിങ്ങള്‍ സ്‍മാര്‍ട്ട്ഫോണില്‍ ടെസ് ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ശേഷം നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് ആ ആപ് പരിചയപ്പെടുത്താനോ നിര്‍ദേശിക്കാനോ ആവശ്യപ്പെടും. നിങ്ങള്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് ഈ ആപ് ലിങ്ക് വഴി പരിചയപ്പെടുത്തുകയും ആ സുഹൃത്ത് ടെസ് അയാളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തിനും 51 രൂപ വീതം പാരിതോഷികമായി ലഭിക്കും. സമാന രീതിയില്‍ എത്ര ആളുകള്‍ക്ക് വേണമെങ്കിലും ഈ ആപ്പ് പരിചയപ്പെടുത്താന്‍ കഴിയും. പരമാവധി 9000 രൂപയാണ് ഈ രീതിയില്‍ ലഭിക്കുക. ഈ റെഫറല്‍ ഓഫറിന്റെ കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു വരെയാണ്.

Related posts

Leave a Comment