യു.ടി.ഐ. മ്യൂച്വൽ ഫണ്ടിന്റെ ഐ.പി.ഒ. വരുന്നു.

uti-ipo-issue

മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ.യ്ക്കായുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും. ധനമന്ത്രാലയം ഇതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), എൽ.ഐ.സി., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് യു.ടി.ഐ.യിൽ ഏതാണ്ട് 18.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്.

എന്നാൽ, ഇവർക്കെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമുണ്ട്. ഒരേസമയം ഒന്നിലധികം അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഓഹരികൾ ഐ.പി.ഒ.യിലൂടെ വിറ്റഴിക്കും. 

 ടി. റോവ് പ്രൈസ് എന്ന അമേരിക്കൻ നിക്ഷേപക സ്ഥാപനത്തിന് യു.ടി.ഐ.യിൽ 26 ശതമാനം ഓഹരിയുണ്ട്. അത്‌ നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആറാമത്തെ വലിയ മ്യൂച്വൽ ഫണ്ട് സ്ഥാപനമാണ് യു.ടി.ഐ. 2016 സപ്തംബറിലെ കണക്ക് പ്രകാരം 1.27 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.

പെൻഷൻ ഉൾപ്പെടെയുള്ള മറ്റ്‌ മേഖലകളിൽ മറ്റൊരു 1.7 ലക്ഷം കോടിയുടെ ആസ്തിയുമുണ്ട്. 6,800 കോടി രൂപയെങ്കിലും മൂല്യം കണക്കാക്കി ആയിരിക്കും ഓഹരികൾ വിറ്റഴിക്കുക.

Related posts

Leave a Comment