തിരുവനന്തപുരം: കറൻസി നിരോധനത്തിന് പിന്നാലെ ചില്ലറമാറ്റി നൽകാനാവാതെ കുഴങ്ങുകയും കളക്ഷനിൽ വൻ കുറവുവരികയും ചെയ്തതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനും കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സ്ഥിരം യാത്രക്കാരെ നിലനിർത്താനും അൺലിമിറ്റഡ് പ്രീപെയ്ഡ് സ്മാര്‍ട്ട് യാത്രാ കാർഡുകളിറക്കനൊരുങ്ങുകയാണ് കെ എസ് ആര്‍ ടി സി .സ്മാർട്ട് കാർഡുകൾ അടുത്ത ആഴ്ചയോടെ പുറത്തിറക്കും.
മൂന്നുതരം കാർഡുകളാണ് വ്യത്യസത തരത്തിൽ യാത്രചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാൻ അവസരം നൽകുന്ന സഌബുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് രാജമാണിക്യം അറിയിച്ചു. ഒരു മാസമായിരിക്കും കാർഡിന്റെ കാലാവധി. അതിനുശേഷം കാലാവധി പുതുക്കി കാർഡ് വീണ്ടും ഉപയോഗിക്കാം.1000 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാർഡുകൾ 1000, 1500, 3000, 5000 എന്നിങ്ങനെയായിരിക്കും സ്മാർട്ട് കാർഡുകളുടെ സ്ലാബുകൾ. ഓരോ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുൻകൂട്ടി നിശ്ചയിട്ടുണ്ട്.
ആയിരം രൂപയുടെ ബ്രോൺസ് കാർഡാണ് ഏറ്റവും കുറഞ്ഞത്. ഇതെടുത്താൽ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളിൽ ജില്ലയ്ക്കുള്ളിൽ എവിടെയും സഞ്ചരിക്കാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല. അതേസമയം, തിരുവനന്തപുരത്തുള്ള ഒരാൾ കോട്ടയത്തെത്തിയാൽ ആ ജില്ലയിൽ എവിടെയും ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളിൽ ഈ കാർഡ് കാണിച്ച് യാത്ര പോകാം.അയിരത്തി അഞ്ഞൂറ് രൂപയുടെ സിൽവർ കാർഡാണ് അടുത്തത്. ഈ കാർഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളിൽ എത്രവേണമെങ്കിലും യാത്രചെയ്യാം. ദീർഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് മൂവായിരം രൂപയുടെ ഗോൾഡ് കാർഡ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഇതുപയോഗിച്ച് സംസ്ഥാനത്ത് എല്ലായിടത്തും പോകാം.
അയ്യായിരം രൂപയുടെ പ്രീമിയം കാർഡെടുത്താൽ കെഎസ്ആർടിസിയുടെ സ്‌കാനിയ വോൾവോ ഒഴികെയുള്ള എസി വോൾവോ ഉൾപ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം. ഒരു ദിവസം നിശ്ചിതയാത്രകളേ പാടുള്ളൂവെന്ന നിബന്ധനയില്ല. എല്ലാ കാർഡുകൾക്കും ഒരുമാസമാണ് കാലാവധി. വീണ്ടും യാത്ര ചെയ്യണമെങ്കിൽ കാർഡ് പുതുക്കണം. കാർഡ് എടുക്കുന്നയാളിന്റെ തിരിച്ചയറിയൽ കാർഡ് നമ്പർ പ്രീപെയ്ഡ് കാർഡിൽ പതിക്കും. ബസിൽ കയറുമ്പോൾ പ്രീപെയ്ഡ് കാർഡിനൊപ്പം തിരിച്ചറിയൽ കാർഡും കണ്ടക്ടറെ കാണിക്കണം. വ്യാജൻ നിർമ്മിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കാൻ കാർഡുകളിൽ ഹോളോഗ്രാം പതിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കർണാടകം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സിറ്റി സർവീസിനും മറ്റും വർഷങ്ങൾക്കു മുമ്പുതന്നെ ഇത്തരത്തിൽ കാർഡുകൾ ഇറക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത്തരമൊരു നടപടി ആദ്യമാണ്. പുതിയ തീരുമാനത്തിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.