ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേ സംവിധാനവുമായി ഐ ഡി എഫ് സി ബാങ്ക് .

മുംബൈ : രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ആധാര്‍ പേയ്ക്ക് ഐഡിഎഫ്സി ബാങ്ക് തുടക്കം കുറിച്ചു. റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് സ്വന്തം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണിലൂടെ ഇനി ഇടപാടു നടത്താം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ), നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ (എന്‍പിസിഐ) എന്നിവയുമായി ചേര്‍ന്നാണ് ഐഡിഎഫ്സി ബാങ്ക് ‘ആധാര്‍ പേ’ സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

വ്യാപാരികള്‍ തങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഉപഭോക്താവിന് കാര്‍ഡുകളോ പുതിയ ആപ്ലിക്കേഷനുകളോ പാസ്വേഡുകളോ അക്കൗണ്ട് നമ്പറുകളോ ഒന്നും ഇല്ലാതെ തന്നെ പണമിടപാട് നടത്താം. ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ആപ്പില്‍ തെരെഞ്ഞടുത്ത് പേമെന്റ് നടത്തിയാല്‍ മതിയാവും. ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും. ഇത്തരത്തിലുള്ള ഇടപാടായതുകൊണ്ട് സ്മാര്‍ട്ട്‌ഫോണില്ലാത്ത ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം വളരെ പ്രയോജനകരമായിരിക്കും.

ആദ്യഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലാണ് ആധാര്‍ പേ ആരംഭിച്ചത്.

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയ ഈ ആപ്പ് മറ്റുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ മേധാവി എ ബി പാണ്ഡെ അഭിപ്രായപ്പെട്ടത്. ഈ ആപ്പ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ജനങ്ങളുടെ കൈയ്യില്‍ നിന്നും യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കില്ലെന്നുള്ളതും ശ്രദ്ധേയമാണ് .

Related posts

Leave a Comment