മൊബൈല്‍ കോൾ മുറിയൽ തടയാൻ പുതിയ സംവിധാനമൊരുങ്ങുന്നു

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ കോൾമുറിയൽ (കോൾഡ്രോപ്) പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ നടപടികളുമായി കേന്ദ്രം രംഗത്ത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടുന്നതിനൊപ്പം പരാതി അറിയിക്കുന്നതിന് ടോൾ-ഫ്രീ എസ്.എം.എസ്. സംവിധാനമുള്ള ഇന്റഗ്രേറ്റഡ് വോയ്സ് റെസ്പോൺസ് സിസ്റ്റം (ഐ.വി.ആർ.എസ്.) അവതരിപ്പിച്ചു. ഡൽഹി, മുംബൈ, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഫോൺ കോളിന്റെ ഗുണമേന്മയെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന്് നേരിട്ട് അഭിപ്രായം തേടുന്ന സംവിധാനമാണിതിലൊന്ന്.

കോൾ മുറിയുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ടെലികോം സേവന ദാതാക്കൾക്ക് കൈമാറുകയും ഉചിതമായ നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്യും. 1955 എന്ന നമ്പരിൽ നിന്നാകും ഐ.വി.ആർ.എസിന്റെ കോളുകൾ ഉപഭോക്താക്കൾക്ക് എത്തുക. സംസാരത്തിനിടെ കോൾ മുറിയുകയോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്ന് ആരായും. കൂടാതെ എത്ര തവണ കോൾ മുറിഞ്ഞുവെന്നു കാണിച്ച് ഇതേ നമ്പരിൽ ടോൾ-ഫ്രീ എസ്.എസ്.എസും ഉപഭോക്താക്കൾക്ക് അയക്കാം. ഐ.വി.ആർ.എസ്. രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കോൾ മുറിയുന്നത് പതിവാകുമ്പോൾ കൂടുതൽ കോളുകളുടെ തുക ഉപയോക്താക്കൾ ചെലവിടേണ്ടി വരുന്ന സാഹചര്യമുണ്ട്.

ശേഷിയിലധികം കണക്ഷനുകൾ നൽകുന്നതാണ് കോൾമുറിയലിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. എന്നാൽ മൊബൈൽ ടവറുകൾ ആവശ്യത്തിനില്ലാത്തതും കൂടുതൽ സ്പെക്ട്രം അനുവദിക്കാത്തതുമാണ് പ്രശ്നമെന്ന് സേവന ദാതാക്കൾ പറയുന്നു. കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഒപ്പം കോൾ മുറിയൽ ഒഴിവാക്കുന്നതിനായി 1.3 ലക്ഷത്തോളം ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബി.ടി.എസ്.) ഒക്ടോബർ വരെയുള്ള മാസങ്ങൾക്കിടെ സേവനദാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്. 2017 മാർച്ചിനകം 1.5 ലക്ഷം ബി.ടി.എസുകൾ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ടെലികോം കമ്പനികൾ.

Related posts

Leave a Comment