ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്‍ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല.
ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്‌സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്‍സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്‌ഐപി.
എസ്‌ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച് വിപണിയിലെ തകര്‍ച്ച മൂലം വില കുറഞ്ഞിരിക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങും.സെന്റിമെന്റ്‌സിനെ മറികടക്കുന്നതിനപ്പുറം റുപി കോസ്റ്റ് ആവറേജിങ് എന്ന നേട്ടവും ഇതുകൊണ്ടുണ്ട്.അതായത് വില കൂടുതലാണെങ്കില്‍ കുറച്ചു യൂണിറ്റുകളും വില കുറവാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകളും വാങ്ങും. തന്‍മൂലം മൊത്തം യൂണിറ്റുകളുടെ ശരാശരി വില കുറവായിരിക്കും.
വിവിധ തരം മ്യൂച്വല്‍ ഫണ്ടുകളില്‍ ഇത്തരത്തില്‍ നിക്ഷേപിക്കാമെങ്കിലും ഉയര്‍ന്ന നേട്ടം ല ഭിക്കാന്‍ ഇക്വിറ്റി ഫണ്ട് തന്നെ തെരഞ്ഞെടുക്കണം. അതില്‍ തന്നെ മികച്ച ഫണ്ട് തെരഞ്ഞെടുത്താല്‍ നേട്ടം വര്‍ധിക്കും. ഇലക്‌ട്രോണിക് ക്ലിയറിങ് സിസ്റ്റം ഉള്ളതിനാല്‍ അക്കൗണ്ടുള്ള ബാങ്കുമായി ധാരണയെത്തിയാല്‍ മുടങ്ങാതെ നിക്ഷേപം നടത്താം. എസ്‌ഐപിയില്‍ മാസം 100 വീതം പോലും നിക്ഷേപം നടത്താമെന്നതിനാല്‍ സാധാരണക്കാരനും അനുയോജ്യമാണ്. തവണ മുടങ്ങിയാലും പിഴയൊന്നുമില്ല. നേട്ടം അതനുസരിച്ച് കുറയുമെന്ന് മാത്രം.