മൂന്നു ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100% പിഴ

ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100 ശതമാനം പിഴചുമത്തുമെന്ന്‌ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ്‌ ആദിയ.
ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ്‌ നടപടി. വാർത്താ ഏജൻസിയായ പിടിഐക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്‌.
മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ വിലക്കേർപ്പെടുത്തുന്ന കാര്യം ബജറ്റിൽ നിർദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ്‌ പിഴ നൽകേണ്ടത്‌. ‘നാലു ലക്ഷം രൂപയുടെ ഇടപാട്‌ നേരിട്ട്‌ പണത്തിലൂടെ നടത്തുകയാണെങ്കിൽ നാലു ലക്ഷം രൂപ പിഴ നൽകണം. ഇനി നിങ്ങൾ 50 ലക്ഷം രൂപയുടെ ഇടപാടാണ്‌ പണത്തിലൂടെ നടത്തുന്നതെങ്കിൽ പിഴ നൽകേണ്ടത്‌ 50 ലക്ഷം രൂപയാണ്‌’ ആദിയ വ്യക്തമാക്കി.
മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാൽ ഇത്രയും തുക പണമായി വാങ്ങിയാൽ കച്ചവടക്കാരൻ പിഴ അടയ്ക്കണം. അതിനാൽ, മറ്റുമാർഗങ്ങൾ സ്വീകരിക്കാൻ കച്ചവടക്കാർ നിർബന്ധിതരാകും. ഇങ്ങനെ കൂടുതൽ തുകയ്ക്കുള്ള ഇടപാടുകളിൽ പണം ഉപയോഗിക്കുന്നത്‌ കുറയ്ക്കാൻ സാധിക്കുമെന്നാണ്‌ കരുതുന്നതെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.
പുതിയ പരിഷ്കാരം സർക്കാരിനെയോ ബാങ്കുകളെയോ പോസ്റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങളെയോ സഹകരണ ബാങ്കുകളെയോ ബാധിക്കില്ലെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.

Related posts

Leave a Comment