നോട്ട് നിരോധനം, വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാത്ത കണക്കുകൾ തെറ്റിദ്ധാരണാജനകം
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മുന്നാം ത്രൈമാസ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സ്ഥിതിവിവര കാര്യാലയം (സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് – സിഎസ്‌ഒ) പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) സംബന്ധിച്ച കണക്കുകൾ സംശയാസ്പദവും തെറ്റിദ്ധാരണാജനകവുമാണെന്ന ആശങ്ക ബലപ്പെടുന്നു. നോട്ട് അസാധൂകരണവും അതുമൂലമുണ്ടായ വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാതെയാണ് സിഎസ്‌ഒ ജിഡിപി വളർച്ചയുടെ അരുണാഭമായ ചിത്രങ്ങളും അവകാശവാദങ്ങളും പുറത്തുവിട്ടിരിക്കുന്നതെന്നാണ് സ്വതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നത്.
നോട്ട് അസാധൂകരണത്തിനുശേഷം ജിഡിപി സംബന്ധിച്ച ആദ്യ കണക്കുകളാണ് സിഎസ്‌ഒ ചൊവ്വാഴ്ച പുറത്തുവിട്ടത്. നോട്ട് അസാധൂകരണം ഹ്രസ്വകാലത്തേക്കെങ്കിലും ജിഡിപി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എല്ലാ പഠനങ്ങളും സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഏഴ് ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന സിഎസ്‌ഒ പഠനം അവിശ്വസനീയമാംവിധം അദ്ഭുതകരമാണ്. ഉൽപാദന മേഖലയിലും കാർഷികരംഗത്തും കൈവരിച്ച നേട്ടമാണ് ഈ വളർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
രാജ്യത്തെ മൊത്ത കാർഷിക മൂല്യവർധന പ്രതീക്ഷിച്ചതിൽ നിന്നും കുറഞ്ഞ് 4.4 ശതമാനം മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തേതിൽ നിന്നും 0.8 ശതമാനം വർധനയാണെങ്കിലും കണക്കുകൂട്ടലുകൾക്ക് വിരുദ്ധമാണ്. എട്ട് കാതൽ സാമ്പത്തിക വളർച്ച മേഖലകളിൽ 3.4 ശതമാനം തളർച്ച ഉണ്ടായതായി വാണിജ്യ-വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വിവരിക്കുന്നു. റിഫൈനറി ഉൽപന്നങ്ങൾ, രാസവളങ്ങൾ, സിമന്റ് എന്നിവയിലാണ് തളർച്ച ഉണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിലും മാന്ദ്യം ദൃശ്യമായി. 2016 ഓഗസ്റ്റിനുശേഷം വളർച്ച കേവലം 3.2 ശതമാനം മാത്രമാണ്. 2016 ജനുവരിയിൽ 5.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുള്ളിടത്താണ് ഇത്.
അതേസമയം, ജനുവരി അവസാനത്തോടെ ഇന്ത്യയുടെ ധനക്കമ്മി 5.64 ലക്ഷം കോടിയായി ഉയർന്നു. നികുതിയേതര വരുമാനത്തിലെ കുറവാണ് ധനക്കമ്മി സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിന്റെ 105.7 ശതമാനമായി ഉയരാൻ കാരണമെന്ന് ചൊവ്വാഴ്ച കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം 5.34 ലക്ഷം കോടിയിൽ ധനക്കമ്മി പിടിച്ചുനിർത്താനാവുമെന്നാണ് ബജറ്റ് കണക്കാക്കിയിരുന്നത്.
വസ്തുതകൾ ഇതായിരിക്കെ ജിഡിപി കണക്കുകൾ അവതരിപ്പിച്ച് നോട്ട് അസാധൂകരണം സൃഷ്ടിച്ച സാമ്പത്തിക തകർച്ചയ്ക്ക് മറപിടിക്കാനാണ് സർക്കാർ ശ്രമം എന്ന സംശയം ബലപ്പെടുകയാണ്.
നോട്ട് അസാധൂകരണത്തിന്റെ പ്രത്യാഘാതം, തൊഴിൽ നഷ്ടം, സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളിലെ ഉൽപാദനം എന്നിവ വിലയിരുത്താനായിട്ടില്ലെന്ന് സിഎസ്‌ഒ റിപ്പോർട്ട് മുൻകൂർ ജാമ്യം കണക്കെ പറയുന്നുണ്ട്. നോട്ട് അസാധൂകരണം 2.50 ലക്ഷം കോടി രൂപയുടെ നഷ്ടം സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്.