കേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ

കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് .

സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ

സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍

തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.

ക്ഷേമ പെൻഷനുകൾ ബജറ്റിൽ വർധിപ്പിച്ചു. പ്രവാസി പെൻഷൻ 500 രൂപയിൽനിന്ന് 2,000 രൂപയാക്കി ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1,100 രൂപയാക്കി. ക്ഷീര കർഷക പെൻഷനായി 1,100 കോടി മാറ്റിവച്ചു.

വിദ്യാഭ്യാസ ഗുണനിലവാരമുയർത്തുന്ന ബജറ്റ്

സാമൂഹിക സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം ബജറ്റിലുണ്ട്. മിഷനുകൾക്കെല്ലാം ധനമന്ത്രിയുടെ സഹായം ലഭിച്ചു. രോഗികൾക്ക് സഹായമായി ആർദ്രം മിഷനിലൂടെ 1,000 കോടി രൂപ വകയിരുത്തി. ഇതിൽ 350 കോടി കാരുണ്യയുടെ വിഹിതമാണ്. പ്രമേഹം, പ്രഷർ, കോളസ്ട്രോൾ രോഗികൾക്ക് പിഎച്ച്സി സബ്സെന്ററുകൾ വഴി സൗജന്യമായി മരുന്ന് നൽകുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. ലൈഫ് മിഷനിലൂടെ കേരളത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കുമെന്നാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. അഞ്ചു വർഷത്തെ മൊത്തം ചെലവ് 16,000 കോടിരൂപയാണ്. ശിചിത്വ മിഷന് 127 കോടി രൂപ.

ആരോഗ്യ മേഖലയിൽ 2,500 കോടിയുടെ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിഫ്ബി വഴി ജില്ലാ,താലൂക്ക് ജനറൽ ആശുപത്രികളുടെ വികസനത്തിന് 2,000 കോടി രൂപ നീക്കിവച്ചു. നഴ്സുമാരുടേയും ഡോക്ടർമാരുടേയും 5,257 തസ്തികയടക്കം ആശുപത്രികളുടെ നിലവാര വർധനയ്ക്ക് 8,000 തസ്തികകളാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.

പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. മേഖലയിൽ 1000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹയർസെക്കണ്ടറിയിൽ 2,500 തസ്തികകളും സൃഷ്ടിക്കും.

വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയ്ക്ക് 900 കോടിയാണ് നീക്കിവച്ചത്. നെല്ലു സംഭരണത്തിന് 700 കോടിയും നൽകി. കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. 2,106 കോടിയുടെ അടങ്കൽ.

പട്ടികജാതി –വർഗ ക്ഷേമത്തിന് ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം പ്രാധാന്യമാണ് ധനമന്ത്രി നൽകിയത്. 3351 കോടി. ഐടി മേഖലയുടെ അടങ്കലിലും വർധനവുണ്ട് 549 കോടി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് പ്രഖ്യാപനം. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ. 1000 കോടി ചെലവ്. കെഎസ്ആർടിസിക്ക് 3000കോടി രക്ഷാ പാക്കേജ്. വനിതാ ക്ഷേമത്തിനും കാര്യമായ പരിഗണനയുണ്ട്. ആകെ പദ്ധതിയുടെ 11.5 ശതമാനമാണ് നീക്കിവച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 161 കോടി.

 

Related posts

Leave a Comment