ഇന്‍ഫോസിസ് സഹസ്ഥാപകര്‍ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന.

അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്.

ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ വരുമാനം. മൂന്നു വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രാപ്യമാണ്.

അതിനിടെ, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ പത്തു പേരെയും വിലയിരുത്താനായി ഇഗോണ്‍ സെന്‍ഡര്‍ എന്ന ആഗോള എച്ച്.ആര്‍. സംരംഭത്തെ ഇന്‍ഫോസിസ് നിയോഗിച്ചു. സി.ഇ.ഒ. വിശാല്‍ സിക്കയുടെ ജോലി എളുപ്പമാക്കാന്‍ മൂന്നംഗ ഉപദേശക സമിതിയെയും കമ്പനി നിയോഗിച്ചു.

നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആര്‍. ശേഷസായി, കോ-ചെയര്‍മാന്‍ രവി വെങ്കടേശന്‍, ഡയറക്ടര്‍ ഡി.എന്‍. പ്രഹ്ലാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. സിക്കയ്ക്ക് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും ഇവര്‍ നല്‍കും.

കമ്പനിയുടെ സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.

സിക്ക ഇന്‍ഫോസിസിന്റെ തലപ്പത്ത് എത്തിയ ശേഷം നടത്തിയ മൂന്ന് ഏറ്റെടുക്കലുകളില്‍ രണ്ടും പരാജയമായിരുന്നു. പനായ എന്ന പേരിലുള്ള ഇസ്രായേലി സോഫ്റ്റ്വേര്‍ കമ്പനിയെ ഏറ്റെടുത്തത് ഒട്ടേറെ ആരോപണങ്ങള്‍ക്കും ഇടയാക്കി.

ജര്‍മന്‍ സോഫ്റ്റ്വേര്‍ കമ്പനിയായ സാപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സിക്ക 2014 ഓഗസ്റ്റിലാണ് ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദത്തിലെത്തിയത്. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് അദ്ദേഹം.സിക്കയുടെ വരവ് കമ്പനി ജീവനക്കാരുടെ ഇടയില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തിന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെട്ടു.

Related posts

Leave a Comment