കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നു. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം വന്നുനിറയാൻ തുടങ്ങിയതോടെ പലിശനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായിത്തന്നെ പല ബാങ്കുകളും നിരക്കിൽ കുറവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നത്. ഇതിനൊപ്പം ഭൂമി വില കുറയുക കൂടി ചെയ്യുന്നതോടെ, ഫ്ളാറ്റുകളും വില്ലകളും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകും.
പലിശനിരക്കുകൾ കുറയുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയ്ൽ വായ്പകൾക്ക് ആവശ്യക്കാരേറുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് 5.50 ശതമാനമെങ്കിലുമായി കുറയുമെന്നാണ് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ പ്രതീക്ഷ. ഇതു കുറയുന്നതോടെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും വായ്പപ്പലിശയും കുറയ്ക്കും. പലിശനിരക്ക് കുറയുന്നത് വായ്പ എടുക്കുന്നവർക്ക് വലിയ ആശ്വാസംപകരും. ഉദാഹരണത്തിന് 20 വർഷക്കാലാവധിയിൽ 30 ലക്ഷം രൂപ 10 ശതമാനം നിരക്കിൽ വായ്പയെടുക്കുമ്പോൾ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) ഏതാണ്ട് 28,951 രൂപയാണ്. പലിശ 9.50 ശതമാനമായി കുറയുകയാണെങ്കിൽ തിരിച്ചടവ് 27,964 രൂപയായി താഴും. അതായത്, ഒരു മാസത്തെ തിരിച്ചടവിൽ തന്നെ ഏതാണ്ട് 1,000 രൂപയുടെ നേട്ടം. മാത്രമല്ല, പുതുതായി വായ്പ എടുക്കുന്നവർക്ക് കൂടുതൽ തുകയ്ക്കും അർഹത ലഭിക്കും.
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് പിന്നാലെ, നോട്ട് അസാധുവാക്കൽ പദ്ധതികൂടി വന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്ന് ബിൽഡർമാരുടെ കൂട്ടായ്മയായ ‘ക്രെഡായ്’യുടെ ദേശീയ വൈസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. കള്ളപ്പണത്തിന് നിയന്ത്രണം വരുന്നതോടെ ഭൂമി വില കുറയും. ബിൽഡർമാർക്ക് കുറഞ്ഞ ചെലവിൽ ഫ്ളാറ്റുകൾ ലഭ്യമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.