പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി 14 വരെ നീട്ടി

indian-currency
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. 
നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ 
നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും.
വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും.
 പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത്
 നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്.
 എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 
ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ മുതല്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
 ഇന്നു മുതല്‍ എടിഎമ്മുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ബാങ്കുകളില്‍ നിന്ന് മാറ്റി നല്‍കുന്ന നോട്ടുകളുടെ പരിമിതിയും എടിഎമ്മുകള്‍ പൂര്‍ണ സജ്ജമാകാത്തതും 
ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്ന തീയതി
 നീട്ടിനല്‍കിയിരിക്കുന്നത്.ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരുടെയും അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടമാകില്ലെന്നും
 സര്‍ക്കാര്‍ അറിയിച്ചു. ആവശ്യത്തിന് പണം ബാങ്കില്‍ എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് 
ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.


Related posts

Leave a Comment