ജി.ഡി.പി. വളർച്ച 6.9 ശതമാനത്തിലേക്ക് താഴും

image description
image description

ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന (ജി.ഡി.പി.) വളർച്ചയെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന നേരത്തെയുള്ള അനുമാനത്തിൽ നിന്ന് ജി.ഡി.പി. 6.9 ശതമാനത്തിലേക്ക് താഴുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തൽ. നോട്ട് നിരോധനം സാമ്പത്തിക ഇടപാടുകൾക്ക് ഇടക്കാല തടസ്സമുണ്ടാക്കിയതായും ഏജൻസി പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പണലഭ്യതയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക വളർച്ചയെ ബാധിക്കും.

നിരോധിച്ച 1000, 500 നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 86 ശതമാനവും. അതിനാൽത്തന്നെ ക്രയവിക്രയങ്ങളെ ഇത് ഇടക്കാലത്തേക്കെങ്കിലും സാരമായി ബാധിക്കും. സാമ്പത്തിക പരിഷ്കരണ നടപടികളും കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനയും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നതായും ഫിച്ചിന്റെ നവംബറിലെ ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ 2017-18 സാമ്പത്തിക വർഷം രാജ്യം 7.7 മുതൽ 8 ശതമാനം വരെ സാമ്പത്തിക വളർച്ച നേടുമെന്നും ഫിച്ച് റിപ്പോർട്ട് പറയുന്നു.

Related posts

Leave a Comment